Sunday, September 5, 2010

അദ്ധ്യാപക ദിന ചിന്തകൾ


ഇന്ന് സെപ്തംബർ 5.സ്വതന്ത്രഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയും(സ്ഥാനം കൊണ്ട് മൂന്നാമത്) മികച്ച ഒരു അധ്യാപകനും ആയിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ സ്മരണക്ക് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനം ആയി ആചരിക്കുന്നു.എന്തോ...ഇന്ന് എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും ഓർമ വരുന്നു.നഴ്സറിയിൽ പഠിപ്പിച്ച ഷേർളി ടീച്ചർ മുതൽ എല്ലാരേം.അധ്യാപകവൃത്തിയോട് പണ്ട് മുതലേ വളരെ ബഹുമാനമുണ്ട്.തന്റെ അറിവ് മറ്റുള്ളവർക്ക് മനസ്സിലാകും വിധം പറഞ്ഞ് കൊടുക്കാൻ കഴിവുള്ളവരോട് ഒരു ചെറിയ അസൂയയും :) (മറ്റൊന്നുമല്ല,ഈയുള്ളവൻ ആർക്കെങ്കിലും എന്തെങ്കിലും പറഞ്ഞു കൊടുത്താൽ പറയുന്നവനും കേൾക്കുന്നവനും ഒരേ പോലെ കൺഫ്യൂഷൻ ആയിരിക്കും ഫലം...അത്രേ ഉള്ളൂ).
പ്രധാനമന്ത്രി മന്മോഹൻ സിങ്ങ്,ഡോ.കലാം അങ്ങനെ നമ്മുടെ രാഷ്ട്രനായകരിൽ പലരും അധ്യാപകർ ആയിരുന്നു.അവർ എല്ലാവരും തന്നെ തങ്ങൾക്ക് ഇപ്പോഴും പ്രിയങ്കരം അധ്യാപനം തന്നെ എന്നും പറയുന്നു.കാലം എത്ര തന്നെ കഴിഞ്ഞാലും ഈ സമൂഹത്തിലെ ഏറ്റവും ബഹുമാന്യമായ തൊഴിൽ അധ്യാപനം തന്നെ എന്നു ഞാൻ കരുതുന്നു.അധ്യാപകർ ഇല്ലാതെ ഡോക്ടർമാരോ,എൻജിനീയർമാരോ,ഐ.എ.എസ്.കാരോ ആരും തന്നെ ഉണ്ടാകില്ലല്ലോ.
ഇതെല്ലാം ഞാൻ ഇന്ന് എന്തു കൊണ്ട് ചിന്തിച്ചു??ശരി,അധ്യാപകദിനം ആയതിനാൽ രാവിലെ എഴുന്നേറ്റ് ഇതൊക്കെ ചിന്തിച്ച് കളയാം എന്ന് കരുതിയതല്ല.എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ കഴിഞ്ഞ ഏതാനും നാളുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളും ആയതിൽ ഇന്നലെ വന്ന ചില വാർത്തകളും തന്നെ ഇതിനു പിന്നിൽ.
എങ്കിലും ഇത്രയും വേണ്ടിയിരുന്നോ???ഒരു നിമിഷനേരത്തെ അശ്രദ്ധയോ,അവിവേകമോ എന്തോ മൂലം അദ്ദേഹത്തിന്‌ പറ്റിയ ഒരു അബദ്ധത്തിന്‌ ആവശ്യത്തിൽ അധികം അനുഭവിച്ച് കഴിഞ്ഞില്ലേ പ്രൊഫ.ജോസഫ്.?ആദ്യം അജ്ഞാത വാസം,പിന്നീട് മകന്റെ അറസ്റ്റ്,പിന്നീട് ജയിൽ വാസം,ഒടുവിൽ കൈ വെട്ടൽ....പിന്നെ ഇപ്പോളിതാ പിരിച്ചു വിടലും.ഈ ഒരു നടപടി മൂലം യാതൊരു വിധ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ,മറ്റെവിടെയെങ്കിലും ജോലി തേടാനോ കഴിയുകയുമില്ല.
ഇതിത്ര മാത്രം കൊണ്ടെത്തിക്കേണ്ട ആവശ്യമുള്ളതായിരുന്നോ? കുഞ്ഞു മുഹമ്മദിന്റെ ഒരു പുസ്തകത്തിൽ നിന്നും എടുത്ത ഒരു സംഭാഷണ ശകലത്തിൽ ഒരു വ്യക്തിക്ക് മുഹമ്മദ് എന്ന് നാമം നല്കിയതിനെത്തുടർന്നാണു ഇതിനെല്ലാം തുടക്കമത്രെ.ഇതു പ്രവാചകനായ മുഹമ്മദ് നബിയായി വ്യാഖ്യാനിക്കപ്പെടുകയും ഏതാനും ചില തീവ്രവാദ സംഘടനകൾ ഇത് ഏറ്റെടുക്കുകയും ചെയ്തു.
ശരി,അതെന്തുമായിക്കൊള്ളട്ടെ,പ്രൊഫസർ ആയതിനുള്ള നിയമപരവും അല്ലാത്തതുമായ എല്ലാ ശിക്ഷകളും അനുഭവിച്ചു കഴിഞ്ഞു.അദ്ദേഹം പൊതുജനമധ്യത്തിൽ ആദ്യമേ തന്നെ മാപ്പു പറയുകയും ചെയ്തിരുന്നു.എങ്കിലും മുസ്ലീം സമൂഹം മാപ്പ് നല്കിയതായി പറഞ്ഞെങ്കിലൊ,കോടതി ഇടപെട്ടെങ്കിലോ മാത്രമെ പ്രൊഫസർക്ക് ഇനി ജോലിയിൽ പ്രവേശിക്കാൻ കഴിയൂ.
ലീഗ് സെക്രട്ടറി പറഞ്ഞിരിക്കുന്നു,പ്രൊഫ.ജോസഫ് കോടതിയിൽ പോകട്ടെ,എന്ന്.ഇടതു-വലതു കക്ഷികൾ തരാതരം പോലെ ഇണങ്ങിയും പിണങ്ങിയും നില്ക്കുകയും ചെയ്യുന്നു.
മുസ്ളീം പൊതുസമൂഹത്തിനു ഈ പ്രശ്നത്തിൽ തികച്ചും വ്യക്തമായ ഒരു നിലപാട് ഉണ്ടെന്ന് ഞാൻ കരുതുന്നു.ഒരു ഇന്റെർണൽ എക്സാമിന്റെ ചോദ്യപ്പേപ്പറിൽ ഉടക്കിക്കിടക്കേണ്ട യാതൊരു വിധ ആവശ്യവും അവർക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നുമില്ല.
രാഷ്ട്രീയ വൈരം തീർക്കാൻ ക്ലാസ്സിൽ കയറി കുട്ടികളുടെ മുൻപിൽ വച്ച് അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ കക്ഷികളടക്കം ഒരു പാർട്ടിയെയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അനുവദിക്കാതെ പൊതു സമൂഹം ഒരു മറുപടി നൽകേണ്ട സമയമായിരിക്കുന്നു.
ആത്യന്തികമായി ക്ഷമ,പരസ്പരസ്നേഹം ഇതൊക്കെ തന്നെയല്ലെ എല്ലാ മതങ്ങളും പറയുന്നത്? (കേട്ട് മടുത്ത പല്ലവി,പക്ഷേ ഇതിന്റെ പ്രാധാന്യം വളരെയധികം വർധിച്ചിരിക്കുന്നു ഈ കാലത്ത്..ശരിയല്ലെ ??)
ഗുരുക്കന്മാരെ ദൈവതുല്യരായി കണ്ട സംസ്കാരമാണു നമ്മുടേത്.അതിനെ മറന്ന് മറ്റ് ചില അയൽരാജ്യങ്ങളിൽ കാണുന്ന അസുഖകരവും ആപത്കരവുമായ പ്രവണതകളിലേക്ക് നാം ചെന്ന് വീഴണോ ???
പൊറുത്തു കൂടെ ???

"Manav ka danav hona uski har hai, manav ka mahamanav hona uska chamtkar hai. manusya ka manav hona uski jit hai."

"All our world organisations will prove ineffective if the truth that love is stronger than hate does not inspire them."

-Dr. Sarvepalli Radhakrishnan

"നല്ലതും ചീത്തയും സമമാവുകയില്ല.ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക.അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു" (വിശുദ്ധ ഖുർആൻ: 41:34)

Monday, August 23, 2010

അങ്ങനെ അതും കടന്നു പോയി....

ഏറെ നാളുകൾക്ക് ശേഷമാണു ബ്ലോഗ്ഗറിൽ തല കാണിക്കുന്നത്.കാരണം മറ്റൊന്നുമല്ല,മടി തന്നെ.....
എങ്കിലും ഓണമല്ലെ,എന്തെങ്കിലും ഒക്കെ ഓർത്തെടുത്തു കളയാമെന്നു കരുതി.
ഓണം....ഓർത്തു നോക്കാൻ കാര്യമായൊന്നുമില്ല...20 കൊല്ലം കൂടി തികഞ്ഞിട്ടില്ലല്ലോ ഇതൊക്കെ കാണാൻ തുടങ്ങിയിട്ട്.പിന്നെ,രാവിലെയുള്ള അമ്പലത്തിൽ പോക്കും (എന്റെ കാര്യത്തിൽ അതും ഒരു വിശേഷമാണേ....രാവിലെ നേരത്തെ എഴുന്നേല്ക്കുന്നതു തന്നെ വല്യ കാര്യാണ്‌,പിന്നാ...) അമ്മ തയാറാക്കുന്ന സദ്യയും,സന്ധ്യാസമയത്ത് ഉറുമ്പിനു ചോറു കൊടുക്കലും,അത്ര ഒക്കേയുള്ളു വിശേഷമായി...
ഓർക്കാനുള്ളതു സ്കൂളിലെ ആഘോഷങ്ങൾ ആണ്‌.പൂക്കളമിടലും പുലികളിയും ഉറിയടിയും വടംവലിയും അങ്ങനങ്ങനെ.....പുലികളിയിൽ എനിക്കെന്നും വേട്ടക്കാരന്റെ വേഷവും കിട്ടിയിരുന്നു(ഒരു ഓവർകോട്ട് ഉണ്ടാരുന്നതിന്റെ പ്രയോജനങ്ങളേ !!)
പൂക്കളമത്സരം ഹൃദ്യമായൊരു ഓർമ്മയാണ്‌,എന്നും.പലതരം പൂക്കൾ ഒരുമിക്കുമ്പോൾ ഉള്ള ആ മണം...പത്താം ക്ളാസ്സ് കഴിഞ്ഞ് അതൊന്നും അത്ര ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല.അതു വരേക്കും എല്ലാവരും ഒരുമിച്ചായിരുന്നു പൂ ഒരുക്കലും ഇടീലും.അതു കഴിഞ്ഞെല്ലാം ടീം ഇവന്റ്സ് ആയിപ്പൊയി,ഒരു ടീമിൽ 7-8 പേർ മാത്രം...നമ്മളൊക്കെ ഔട്ട് !!!
ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു ഓണാഘോഷത്തിനിടയിലാണു ഒരു പ്രണയം മൊട്ടിട്ടു തുടങ്ങിയത്...ഇന്ന് ഏതാനും വർഷങ്ങൾക്കിപ്പുറം മറ്റൊരു ഓണസമയത്ത് അത് ഏതാണ്ട് തകർന്ന അവസ്ഥയിലുമെത്തി !!!
+2 ജീവിതത്തിലാണ്‌ ഓണം ‘അടിച്ച് പൊളിക്കാൻ’ തുടങ്ങിയത്.കോളേജിലെ ‘ആഘോഷങ്ങൾ’ ഇഷ്ടപ്പെട്ട് തുടങ്ങിയുമില്ല.ഏതായാലും ഫലത്തിൽ അന്നുമിന്നും മാറ്റമില്ലാതെ തുടരുന്നത് ഓണക്കോടിയും,വീട്ടിലെ പരിപാടികളും മാത്രം...അതിലും ഇപ്പോൾ ടി വി യുടെ അപഹാരം കാണുന്നു,തിരുവോണ ദിവസം പുതിയ പടങ്ങൾ ഇടുന്നതു മത്സരിച്ചല്ലേ !!!
നമ്മടെ ഒക്കെ കഥ ഇങ്ങനെ തപ്പീം തടഞ്ഞും പോകുന്നെങ്കിലും പുറത്തെ കാര്യങ്ങൾ ഇങ്ങനൊന്നുമല്ല...എല്ലാം റെക്കൊഡ് ഫലങ്ങളല്ലെ കേൾക്കുന്നത്....റെക്കോഡ് പൂക്കളം,റെക്കോഡ് സാധന വില....
പിന്നെന്താ.... റെക്കോഡ് മദ്യവില്പന
ഓണമായാലും ക്രിസ്തുമസ് ആയാലും വിഷു ആയാലും മലയാളി അതിൽ ഒരു ചരിത്ര നേട്ടം കൈ വരിച്ചിരിക്കും,100% ഉറപ്പ്.മതനിരപേക്ഷ സാക്ഷര കേരളത്തിലെ വിശേഷങ്ങളേ..!!!ആഘോഷങ്ങൾ എല്ലാ മതസ്ഥർക്കും ഒരു പോലെ എന്നാണല്ലോ വെപ്പ്,ഇതിലും അങ്ങനെ തന്നെ...പിന്നെ എഞ്ചുവടിയിൽ A for Apple,B for Ball എന്നതിനു പകരം എല്ലാ അക്ഷരങ്ങൾക്കും അതാതായ മദ്യത്തിന്റെ നാമം നല്കിയുള്ള മെസ്സേജുകൾ കിട്ടുന്നു..ആ,അങ്ങനൊരു കാലവും സമീപഭാവിയിൽ പ്രതീക്ഷിക്കാം !!! അല്ലേലും ഇപ്പോൾ HAPPY ONAM എന്നല്ലല്ലോ sHAPPY pONAM എന്നാണല്ലോ പറയുന്നത്... ഇതെഴുതുമ്പോളും പുതിയ കണക്കുകൾ വന്നു കൊണ്ടിരിക്കുന്നേ ഉള്ളൂ..ഉത്രാടദിനത്തിൽ തന്നെ 30 കോടി.....ഹും...എന്തിനാ ഇപ്പോളേ ആലോചിക്കുന്നത്..മൊത്തം കണക്കും വരട്ടെ...
പിന്നെ അതിനിടയിൽ ക്വട്ടേഷൻ,തീവ്രവാദം,എൻ ഐ എ...എല്ലാം കടന്നു വരുന്നുണ്ടല്ലൊ....
ന്റെ മാവേലി മന്നാ... ഇങ്ങള്‌ ആ പാതാളത്തില്‌ തന്നെ ഇരുന്നോളീ...അതാപ്പോ സേഫെന്ന്....

Saturday, June 19, 2010

ഭോപ്പാലും ചില സംശയങ്ങളും





ഒരു ദുരന്തമുണ്ടായി 26 വർഷങ്ങൾ പിന്നിട്ടിട്ടും അതിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കാത്ത സാഹചര്യമാണു നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.സംഭവിച്ച ദുരന്തത്തിന്‌ മതിയായ പരിഹാരം കണ്ടില്ലെന്ന വിമർശനങ്ങൾ നിലനില്ക്കെ തന്നെ പുതിയ ഒന്നു സംഭവിച്ചാൽ അതിനു ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുന്നതായി പറയപ്പെടുന്നു.ഇതെല്ലാം കണ്ടും കേട്ടും അല്പ സമയത്തേക്ക് ആശങ്കാകുലനാകുകയും പിന്നീട് ഇതെല്ലാം സൗകര്യപൂർവം മറക്കുകയും സ്വന്തം കാര്യങ്ങളിലേക്ക് പിൻവലിയുകയും ചെയ്യുന്ന ഒരു സാധാരണ യുവ കേരളീയൻ തന്നെ ഞാനും,എങ്കിലും ഇടയ്ക്കിടെ മനസ്സിൽ കടന്നു വരുന്ന ചില കാര്യങ്ങൾ ഇവിടെ കുത്തിക്കുറിച്ചു കൊള്ളുന്നു.


ഭോപ്പാൽ വാതക ദുരന്തം എന്ന വ്യാവസായിക ദുരന്തത്തിലേക്കു വഴി വച്ച സാഹചര്യങ്ങളിലേക്കും അനന്തരഫലങ്ങളിലേക്കും ഒന്ന് എത്തി നോക്കുന്നതു നന്നു തന്നെ.
അടിസ്ഥാനപരമായി ലാഭക്കൊതിയും അശ്രദ്ധയും തന്നെയാണു 20000-ലധികം ആളുകളുടെ മരണത്തിലേക്ക് എത്തിച്ചതെന്നു കാണാം(സർക്കാർ കണക്കുകൾ പ്രകാരം 4000-ൽ പരം).1969-ൽ സ്ഥാപിക്കപ്പെട്ട ഫാക്ടറിയുടെ 50.9% ഓഹരി യൂണിയൻ കാർബൈഡ് കോർപ്പറേഷൻ എന്ന അമേരിക്കൻ സ്ഥാപനത്തിനും 49.1% ഓഹരി വിവിധ ഇൻഡ്യൻ നിക്ഷേപകർക്കും ആയിരുന്നു.‘സെവിൻ’ എന്ന പേരിൽ ‘കാർബറിൽ’എന്ന കീടനാശിനി ആയിരുന്നു അവിടെ നിർമ്മിച്ചിരുന്നത്.1979-ൽ ഉത്പാദനച്ചെലവ് കുറയ്ക്കാൻ വേണ്ടി ഒരു മീതൈൽ ഐസൊസയനേറ്റ് പ്ലാന്റ് കൂടി സ്ഥാപിക്കുകയായി.ദുരന്തം സംഭവിച്ച രാത്രിയിൽ പൈപ്പ് ലീക്ക് ചെയ്ത് ജലം MIC ടാങ്കിൽ കയറുകയും തത്ഫലമായി നടന്ന എക്സൊതെർമിക് റിയാക്ഷൻ മൂലം ടാങ്കിലെ താപനില 200 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും മർദ്ദം അനുവദനീയമായതിലധികം ഉയരുകയും ചെയ്തു.42 ടണ്ണോളം ഉണ്ടായിരുന്ന MIC പുറത്തു വരികയും ഭോപ്പാലിലെ 'പാതിരാക്കൊലപ്പാതങ്ങൾ' അരങ്ങേറുകയും ചെയ്തു.

കാരണങ്ങൾ
*അപകടകരമായ MICയുടെ ഉപയോഗം(അപകടകരമല്ലാത്തവ വിലയേറിയതായിരുന്നു,മനുഷ്യജീവനേക്കാൾ !!! )
*ജീവനക്കാരുടെ എണ്ണം കുറക്കൽ
*MIC സൂക്ഷിക്കാൻ ഉപയോഗിച്ചതു വലിയ ടാങ്കുകൾ ആയിരുന്നു. (ഇതേ കമ്പനിയുടെ യു.എസ്സി.ലെ പ്ലാന്റുകളിൽ ചെറിയ സിലിണ്ടറുകൾ ആണുപയോഗിച്ചിരുന്നത്.അഥവാ ഒരു ലീക്ക് ഉണ്ടായാലും അത് അപകട തീവ്രത കുറക്കുന്നു.)
*‘കാർബൺ സ്റ്റീൽ’ ഉപയോഗിച്ച് നിർമ്മിച്ച പൈപ്പ് സീലുകൾ മേല്പറഞ്ഞ സാഹചര്യത്തിൽ എളുപ്പത്തിൽ ദ്രവിക്കുന്നതായിരുന്നു.
*കീടനാശിനിയുടെ വിപണനം കുറഞ്ഞതു മൂലം നിർത്തലാക്കിയ പ്ലാന്റിന്റെ പരിപാലനത്തിൽ വരുത്തിയ അശ്രദ്ധ,സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത.
*അപകടകരമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു ഫാക്ടറി ഭോപ്പാൽ പോലെ ജനസാന്ദ്രതയേറിയ ഒരു സ്ഥലത്ത് സ്ഥാപിച്ചത്.
ദുരന്തസൂചനകൾ നൽകിക്കൊണ്ട് ഇതേ പ്ലാന്റിൽ പല തവണ ‘ഫോസ്ജീൻ’ ചോർച്ചയും മറ്റു ഗുരുതരമായ പല വീഴ്ചകളും ഉണ്ടായിട്ടും അതെല്ലാം അവഗണിക്കപ്പെട്ടു.ദുരന്തസമയത്ത് ഫാക്ടറിയിൽ 6 ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്,സുരക്ഷാ അലാറം നിലച്ചിട്ട് 4 വർഷത്തിലധികവും !!!


അനന്തരഫലങ്ങൾ
*സാന്ദ്രതയേറിയ വിഷവാതകം ഉപരിതലത്തോട് ചേർന്നു പരക്കുകയും അയ്യായിരത്തിലധികം ആളുകളെയും രണ്ടായിരത്തിലധികം കന്നുകളേയും ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ കൊന്നൊടുക്കുകയും ചെയ്തു.ചെർണോബിൽ ആണവദുരന്തത്തിന്റെ ആദ്യമണിക്കൂറുകളിൽ മരിച്ചവരുടെ എത്രയോ ഇരട്ടി വരുമിത് !!!
*ചുമ,ശർദ്ദി,ശ്വാസതടസ്സം,കണ്ണുകളിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളോടെ ആയിരങ്ങളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
*ശ്വസനവ്യവസ്ഥ,നാഡീവ്യൂഹം,കണ്ണുകൾ തുടങ്ങിയവയെ ബാധിച്ച അസുഖങ്ങൾ മൂലം മരിച്ചവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ 20000-ലധികം വരും.ജന്മനാവൈകല്യമുള്ള കുട്ടികൾ,കാൻസർ,ഹൃദ്രോഗം,വന്ധ്യത എന്നിവയും അനന്തരഫലങ്ങളിൽപ്പെടുന്നു
*36 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളെ ദുരന്തം ബാധിച്ചു.

യു യു സി യിൽ നിന്നും 3.3 ബില്ല്യൺ യു.എസ്.$ നഷ്ടപരിഹാരം ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അവർ 470 യു.എസ്. $ നഷ്ടപരിഹാരത്തിനു മാത്രമെ വഴങ്ങിയുള്ളു.അതാകട്ടെ കമ്പനിയെ എല്ലാ നിയമപ്രശ്നങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും പുതിയ കേസുകൾ ചാർജ് ചെയ്യരുതെന്നുമുള്ള വ്യവസ്ഥയിലും.ഫാക്ടറിയിൽ അവർക്ക് ഉണ്ടായിരുന്ന ഓഹരി വില്പന നടത്തി ലഭിച്ച പണം ഉപയോഗിച്ച് ദുരന്തബാധിതർക്കായി ഒരു ആശുപത്രി നിർമ്മിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.ഇൻഡ്യാ ഗവണ്മെന്റിന്റെ നഷ്ടപരിഹാരവും സഹായങ്ങളും ലഭിചു എങ്കിലും ഇവ ഒന്നും തന്നെ ദുരന്തബാധിതരുടെ വിഷമതകൾ പരിഹരിക്കാൻ പോന്നവ ആയിരുന്നില്ല.
ഫാക്ടറിയിൽ ഉപേക്ഷിക്കപ്പെട്ട രാസവസ്തുക്കൾ ഇപ്പോഴും മലിനീകരണം തുടരുന്നു എന്ന വസ്തുത ഗൗരവത്തോടെ പരിഗണിക്കേണ്ടതു തന്നെ.ലെഡ്,ക്രോമിയം,മെർക്കുറി,കോപ്പർ,തുടങ്ങിയ ലോഹങ്ങളും വിവിധ ഓർഗാനിക് സംയുക്തങ്ങളും (ബെൻസീൻ ഹെക്സാ ക്ലോറൈഡ്,ഹെക്സാ ക്ലോറോ ഈഥേൻ തുടങ്ങിയവ )സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനറിപ്പോർട്ടുകൾക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നു തന്നെ വേണം കരുതാൻ.നാഡീവ്യവസ്ഥ,കരൾ,കിഡ്നി എന്നിവയെ ബാധിക്കുന്ന അസുഖങ്ങളും കാൻസർ പോലുള്ള മാരകരോഗങ്ങളും വർധിക്കുന്നു.മുലപ്പാലിൽ വരെ രാസവസ്തുക്കളുടെ അളവ് വളരെ അധികമത്രെ !!!

ഇനി മറ്റൊരു ചോദ്യം കൂടി
ഒരു ആണവദുരന്തമുണ്ടായാൽ നല്കേണ്ടി വരുന്ന നഷ്ടപരിഹാരത്തിനു പരിധി നിശ്ചയിക്കുന്ന ‘ആണവ ബാധ്യതാ ബിൽ’ ഈ അവസരത്തിൽ ഒട്ടേറെ ആശങ്കകൾക്കിട വരുത്തുന്നു.അങ്ങനെയൊരു നിയമമില്ലാതിരുന്നിട്ടു കൂടി ഭോപ്പാൽ കേസിന്റെ വിധി ആർക്കും തൃപ്തികരം അല്ലാത്തതും.ഭാവിയിൽ ആണവ രംഗത്തു വരാവുന്ന സ്വകാര്യ-വിദേശ നിക്ഷേപങ്ങളും സമീപകാലത്തു നമ്മുടെ ആണവനിലയങ്ങളിൽ വന്ന സുരക്ഷാവീഴ്ചകളും എല്ലാം ചേർത്തു വായിക്കേണ്ടതില്ലേ ?
1984 ഡിസം: 3-നു അർധരാത്രിയിൽ ഭോപ്പാലിനെ വലിയൊരു ശ്മശാനമാക്കി മാറ്റിയ ദുരന്തത്തിൽ കോടതി വിധി വന്ന ദിവസമായിരുന്നു ജൂൺ 7 2010,തിങ്കളാഴ്ച.ദുരന്തത്തിനു കാരണക്കാരായ ‘യൂണിയൻ കാർബൈഡിലെ’ 7 ജീവനക്കാർക്ക് ലഭിച്ച 2 വർഷത്തെ തടവുശിക്ഷ തീരെ കുറഞ്ഞു പോയി എന്നു തന്നെ എല്ലാവരുടെയും അഭിപ്രായം.കമ്പനി ചെയർമാനെ രക്ഷപ്പെടാൻ അനുവദിച്ചതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരിൽ ആരോപിച്ച് രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്ന നമ്മുടെ രാഷ്ട്രീയക്കാർ കോടതികളെയും വെറുതെ വിടുന്നില്ല.എന്നാൽ കോടതികളെ മാത്രമാണോ പഴിക്കേണ്ടത് ?അശ്രദ്ധ മൂലമുള്ള നരഹത്യ സംബന്‌ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ കോടതികൾക്ക് കൂടുതലായി ഒന്നും തന്നെ ചെയ്യാനില്ല,കേസ് രജിസ്റ്റർ ചെയ്ത വകുപ്പ് മാറ്റാൻ ആവശ്യപ്പെടുന്നതൊഴികെ.ഇപ്പോൾ തമ്മിൽ കുത്തുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും കൈവശം ഭരണചക്രം വന്നതാണല്ലോ,എന്തേ ആരും കമ്പനി ചെയർമാനെ തിരികെ ഇൻഡ്യയിൽ എത്തിക്കാനോ കേസ് കൂടുതൽ ശക്തമാക്കാനോ ശ്രമിച്ചില്ലാ ?രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ,അഴിമതിക്ക് കുടപിടിക്കൽ എന്നൊക്കെ പറഞ്ഞ് നമുക്കും അവരെ കുറ്റപ്പെടുത്താം.പിന്നീട് ഇവരെ തന്നെ വോട്ടു ചെയ്ത് ‘ശല്യങ്ങള്‌,പോട്ടേ’ എന്ന മട്ടിൽ തിരിച്ചു വിടുന്നതും നാം തന്നെയാണല്ലോ !!
26 വർഷം മുൻപ് നടന്ന ഒരു ദുരന്തത്തിൽ വിധി വരാൻ എന്തേ ഇത്ര കാലതാമസം ?ഈ വിധി കൊണ്ട് ദുരന്തത്തിനിരയായവർക്കും ഈ സമൂഹത്തിനും എന്ത് പ്രയോജനം ?വരാനിരിക്കുന്ന നിയമങ്ങളും നിയമഭേദഗതികളും ഭാവിയിൽ ഒരു ദുരന്തമുണ്ടായാൽ അതിനെ എങ്ങനെ ബാധിക്കും ? ഒരു പിടി ചോദ്യങ്ങൾ ഇനിയും ബാക്കി.
അതോ ഇതെല്ലാം എന്തിനും ഏതിനും സംശയം പ്രകടിപ്പിക്കുന്ന,ആവശ്യമില്ലാത്തതിലൊക്കെ കേറി ഇടപെടുന്ന,ഞാൻ വലിയ കാര്യങ്ങൾ ഒക്കെയാണേ ചിന്തിക്കുന്നത് എന്നു കാണിക്കാൻ ശ്രമിക്കുന്ന ഒരു പക്കാ മലയാളിയുടെ ലക്ഷണമോ ?
ഒരു പക്ഷെ അതായിരിക്കാം ശരി..!!
(എൻ.ബി. : ഇതെല്ലാം എഴുതുമ്പോൾ ടി.വിയിൽ ഇൻഡ്യ-പാക് ക്രിക്കറ്റ് ആസ്വദിക്കുകയും,എഴുതിയ ശേഷം വേൾഡ് കപ്പിന്റെ ആരവങ്ങളിലേക്ക് ഊളിയിടുകയും പിന്നീട് ദുരന്തങ്ങളോ ദുരന്തബാധിതരോ അലട്ടാത്ത സുഖനിദ്ര പ്രാപിക്കുകയും ചെയ്തു ഈയുള്ളവൻ !)

Friday, June 4, 2010

ഹരിശ്രീ


ഒരു ബ്ലോഗ് അക്കൌണ്ട് തുടങ്ങിയിട്ടു കാലം കുറേ ആയി.......എന്തെങ്കിലും ഒക്കെ ഒന്നു എഴുതണം എന്നൊക്കെ ആഗ്രഹിക്കുന്നു....പക്ഷേ സാധിക്കുന്നില്ല.....ഞാൻ എന്തെഴുതണം എന്നാഗ്രഹിക്കുന്നുവോ,മെറ്റീരിയൽ ഒക്കെ ശരിയായി വരുമ്പോളേക്കും അതു കാര്യമാത്രപ്രസക്തിയില്ലാത്തതാകുന്നു...അതു കൊണ്ടു നാളെ നാളെ നീളെ നീളെ ആയി പോകുന്നു കാര്യങ്ങൾ......
ഇനി ഏതായാലും വച്ചു നീട്ടുന്നില്ല.ഞാൻ ഇവിടെ വന്ന ഉദ്ദേശ്യത്തിൽ നിന്നു തന്നെ തുടങ്ങാം എല്ലാം....
എൻജിനീയറിങ്ങ് സിലബസ്സിൽ ലാൻഗ്വേജ് ഇല്ലാത്തതിന്റെ അനന്തരഫലം ബൂലോഗത്തിലെ പാവം ബ്ലോഗ്ഗേർസിന്റെ മുകളിൽ വന്നു പതിച്ചിരിക്കുന്നു....ഹാഹാ....
4 വർഷം കഴിയുമ്പോൾ ശരിയാംവണ്ണം മലയാളഭാഷ എങ്കിലും ഉപയോഗിക്കാൻ കഴിയുമോ എന്നൊരു ഭയം...എങ്കിൽ ശരി ബ്ലോഗാൻ തുടങ്ങാം എന്നങ്ങു കരുതി....ഇതൊക്കെ ആരു വായിക്കാൻ....വീട്ടിൽ ഡയറിയിൽ കുത്തിക്കുറിച്ചു വയ്ക്കുന്നതിനേക്കാൾ സേഫ്....
എന്നു കരുതി ഞാൻ മലയാളത്തിൽ മാത്രമേ എഴുതൂ എന്നു കരുതണ്ടാ....ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,സംസ്കൃതം,ഫ്രഞ്ച് എന്നു കരുതി ഏതു ഭാഷയിലും എന്റെ പോസ്റ്റ്സ് പ്രതീക്ഷിക്കാം..ഒരു ഭാഷയെയും വെറുതെ വിടില്ലാ എന്നു സാരം....ആദ്യ പതിപ്പ് മലയാളത്തിൽ ആയിക്കോട്ടെ എന്നു കരുതി....മാതൃഭാഷയെ ജീവനായി കാണുന്ന പ്രവീണിനോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്......
എന്തേയ്..?? ബോറടിക്കാൻ തുടങ്ങിയോ...??
ഇതു വെറും തുടക്കം മാത്രമല്ലേ മാഷേ...!!!