Saturday, June 19, 2010

ഭോപ്പാലും ചില സംശയങ്ങളും





ഒരു ദുരന്തമുണ്ടായി 26 വർഷങ്ങൾ പിന്നിട്ടിട്ടും അതിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കാത്ത സാഹചര്യമാണു നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.സംഭവിച്ച ദുരന്തത്തിന്‌ മതിയായ പരിഹാരം കണ്ടില്ലെന്ന വിമർശനങ്ങൾ നിലനില്ക്കെ തന്നെ പുതിയ ഒന്നു സംഭവിച്ചാൽ അതിനു ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുന്നതായി പറയപ്പെടുന്നു.ഇതെല്ലാം കണ്ടും കേട്ടും അല്പ സമയത്തേക്ക് ആശങ്കാകുലനാകുകയും പിന്നീട് ഇതെല്ലാം സൗകര്യപൂർവം മറക്കുകയും സ്വന്തം കാര്യങ്ങളിലേക്ക് പിൻവലിയുകയും ചെയ്യുന്ന ഒരു സാധാരണ യുവ കേരളീയൻ തന്നെ ഞാനും,എങ്കിലും ഇടയ്ക്കിടെ മനസ്സിൽ കടന്നു വരുന്ന ചില കാര്യങ്ങൾ ഇവിടെ കുത്തിക്കുറിച്ചു കൊള്ളുന്നു.


ഭോപ്പാൽ വാതക ദുരന്തം എന്ന വ്യാവസായിക ദുരന്തത്തിലേക്കു വഴി വച്ച സാഹചര്യങ്ങളിലേക്കും അനന്തരഫലങ്ങളിലേക്കും ഒന്ന് എത്തി നോക്കുന്നതു നന്നു തന്നെ.
അടിസ്ഥാനപരമായി ലാഭക്കൊതിയും അശ്രദ്ധയും തന്നെയാണു 20000-ലധികം ആളുകളുടെ മരണത്തിലേക്ക് എത്തിച്ചതെന്നു കാണാം(സർക്കാർ കണക്കുകൾ പ്രകാരം 4000-ൽ പരം).1969-ൽ സ്ഥാപിക്കപ്പെട്ട ഫാക്ടറിയുടെ 50.9% ഓഹരി യൂണിയൻ കാർബൈഡ് കോർപ്പറേഷൻ എന്ന അമേരിക്കൻ സ്ഥാപനത്തിനും 49.1% ഓഹരി വിവിധ ഇൻഡ്യൻ നിക്ഷേപകർക്കും ആയിരുന്നു.‘സെവിൻ’ എന്ന പേരിൽ ‘കാർബറിൽ’എന്ന കീടനാശിനി ആയിരുന്നു അവിടെ നിർമ്മിച്ചിരുന്നത്.1979-ൽ ഉത്പാദനച്ചെലവ് കുറയ്ക്കാൻ വേണ്ടി ഒരു മീതൈൽ ഐസൊസയനേറ്റ് പ്ലാന്റ് കൂടി സ്ഥാപിക്കുകയായി.ദുരന്തം സംഭവിച്ച രാത്രിയിൽ പൈപ്പ് ലീക്ക് ചെയ്ത് ജലം MIC ടാങ്കിൽ കയറുകയും തത്ഫലമായി നടന്ന എക്സൊതെർമിക് റിയാക്ഷൻ മൂലം ടാങ്കിലെ താപനില 200 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും മർദ്ദം അനുവദനീയമായതിലധികം ഉയരുകയും ചെയ്തു.42 ടണ്ണോളം ഉണ്ടായിരുന്ന MIC പുറത്തു വരികയും ഭോപ്പാലിലെ 'പാതിരാക്കൊലപ്പാതങ്ങൾ' അരങ്ങേറുകയും ചെയ്തു.

കാരണങ്ങൾ
*അപകടകരമായ MICയുടെ ഉപയോഗം(അപകടകരമല്ലാത്തവ വിലയേറിയതായിരുന്നു,മനുഷ്യജീവനേക്കാൾ !!! )
*ജീവനക്കാരുടെ എണ്ണം കുറക്കൽ
*MIC സൂക്ഷിക്കാൻ ഉപയോഗിച്ചതു വലിയ ടാങ്കുകൾ ആയിരുന്നു. (ഇതേ കമ്പനിയുടെ യു.എസ്സി.ലെ പ്ലാന്റുകളിൽ ചെറിയ സിലിണ്ടറുകൾ ആണുപയോഗിച്ചിരുന്നത്.അഥവാ ഒരു ലീക്ക് ഉണ്ടായാലും അത് അപകട തീവ്രത കുറക്കുന്നു.)
*‘കാർബൺ സ്റ്റീൽ’ ഉപയോഗിച്ച് നിർമ്മിച്ച പൈപ്പ് സീലുകൾ മേല്പറഞ്ഞ സാഹചര്യത്തിൽ എളുപ്പത്തിൽ ദ്രവിക്കുന്നതായിരുന്നു.
*കീടനാശിനിയുടെ വിപണനം കുറഞ്ഞതു മൂലം നിർത്തലാക്കിയ പ്ലാന്റിന്റെ പരിപാലനത്തിൽ വരുത്തിയ അശ്രദ്ധ,സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത.
*അപകടകരമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു ഫാക്ടറി ഭോപ്പാൽ പോലെ ജനസാന്ദ്രതയേറിയ ഒരു സ്ഥലത്ത് സ്ഥാപിച്ചത്.
ദുരന്തസൂചനകൾ നൽകിക്കൊണ്ട് ഇതേ പ്ലാന്റിൽ പല തവണ ‘ഫോസ്ജീൻ’ ചോർച്ചയും മറ്റു ഗുരുതരമായ പല വീഴ്ചകളും ഉണ്ടായിട്ടും അതെല്ലാം അവഗണിക്കപ്പെട്ടു.ദുരന്തസമയത്ത് ഫാക്ടറിയിൽ 6 ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്,സുരക്ഷാ അലാറം നിലച്ചിട്ട് 4 വർഷത്തിലധികവും !!!


അനന്തരഫലങ്ങൾ
*സാന്ദ്രതയേറിയ വിഷവാതകം ഉപരിതലത്തോട് ചേർന്നു പരക്കുകയും അയ്യായിരത്തിലധികം ആളുകളെയും രണ്ടായിരത്തിലധികം കന്നുകളേയും ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ കൊന്നൊടുക്കുകയും ചെയ്തു.ചെർണോബിൽ ആണവദുരന്തത്തിന്റെ ആദ്യമണിക്കൂറുകളിൽ മരിച്ചവരുടെ എത്രയോ ഇരട്ടി വരുമിത് !!!
*ചുമ,ശർദ്ദി,ശ്വാസതടസ്സം,കണ്ണുകളിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളോടെ ആയിരങ്ങളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
*ശ്വസനവ്യവസ്ഥ,നാഡീവ്യൂഹം,കണ്ണുകൾ തുടങ്ങിയവയെ ബാധിച്ച അസുഖങ്ങൾ മൂലം മരിച്ചവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ 20000-ലധികം വരും.ജന്മനാവൈകല്യമുള്ള കുട്ടികൾ,കാൻസർ,ഹൃദ്രോഗം,വന്ധ്യത എന്നിവയും അനന്തരഫലങ്ങളിൽപ്പെടുന്നു
*36 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളെ ദുരന്തം ബാധിച്ചു.

യു യു സി യിൽ നിന്നും 3.3 ബില്ല്യൺ യു.എസ്.$ നഷ്ടപരിഹാരം ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അവർ 470 യു.എസ്. $ നഷ്ടപരിഹാരത്തിനു മാത്രമെ വഴങ്ങിയുള്ളു.അതാകട്ടെ കമ്പനിയെ എല്ലാ നിയമപ്രശ്നങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും പുതിയ കേസുകൾ ചാർജ് ചെയ്യരുതെന്നുമുള്ള വ്യവസ്ഥയിലും.ഫാക്ടറിയിൽ അവർക്ക് ഉണ്ടായിരുന്ന ഓഹരി വില്പന നടത്തി ലഭിച്ച പണം ഉപയോഗിച്ച് ദുരന്തബാധിതർക്കായി ഒരു ആശുപത്രി നിർമ്മിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.ഇൻഡ്യാ ഗവണ്മെന്റിന്റെ നഷ്ടപരിഹാരവും സഹായങ്ങളും ലഭിചു എങ്കിലും ഇവ ഒന്നും തന്നെ ദുരന്തബാധിതരുടെ വിഷമതകൾ പരിഹരിക്കാൻ പോന്നവ ആയിരുന്നില്ല.
ഫാക്ടറിയിൽ ഉപേക്ഷിക്കപ്പെട്ട രാസവസ്തുക്കൾ ഇപ്പോഴും മലിനീകരണം തുടരുന്നു എന്ന വസ്തുത ഗൗരവത്തോടെ പരിഗണിക്കേണ്ടതു തന്നെ.ലെഡ്,ക്രോമിയം,മെർക്കുറി,കോപ്പർ,തുടങ്ങിയ ലോഹങ്ങളും വിവിധ ഓർഗാനിക് സംയുക്തങ്ങളും (ബെൻസീൻ ഹെക്സാ ക്ലോറൈഡ്,ഹെക്സാ ക്ലോറോ ഈഥേൻ തുടങ്ങിയവ )സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനറിപ്പോർട്ടുകൾക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നു തന്നെ വേണം കരുതാൻ.നാഡീവ്യവസ്ഥ,കരൾ,കിഡ്നി എന്നിവയെ ബാധിക്കുന്ന അസുഖങ്ങളും കാൻസർ പോലുള്ള മാരകരോഗങ്ങളും വർധിക്കുന്നു.മുലപ്പാലിൽ വരെ രാസവസ്തുക്കളുടെ അളവ് വളരെ അധികമത്രെ !!!

ഇനി മറ്റൊരു ചോദ്യം കൂടി
ഒരു ആണവദുരന്തമുണ്ടായാൽ നല്കേണ്ടി വരുന്ന നഷ്ടപരിഹാരത്തിനു പരിധി നിശ്ചയിക്കുന്ന ‘ആണവ ബാധ്യതാ ബിൽ’ ഈ അവസരത്തിൽ ഒട്ടേറെ ആശങ്കകൾക്കിട വരുത്തുന്നു.അങ്ങനെയൊരു നിയമമില്ലാതിരുന്നിട്ടു കൂടി ഭോപ്പാൽ കേസിന്റെ വിധി ആർക്കും തൃപ്തികരം അല്ലാത്തതും.ഭാവിയിൽ ആണവ രംഗത്തു വരാവുന്ന സ്വകാര്യ-വിദേശ നിക്ഷേപങ്ങളും സമീപകാലത്തു നമ്മുടെ ആണവനിലയങ്ങളിൽ വന്ന സുരക്ഷാവീഴ്ചകളും എല്ലാം ചേർത്തു വായിക്കേണ്ടതില്ലേ ?
1984 ഡിസം: 3-നു അർധരാത്രിയിൽ ഭോപ്പാലിനെ വലിയൊരു ശ്മശാനമാക്കി മാറ്റിയ ദുരന്തത്തിൽ കോടതി വിധി വന്ന ദിവസമായിരുന്നു ജൂൺ 7 2010,തിങ്കളാഴ്ച.ദുരന്തത്തിനു കാരണക്കാരായ ‘യൂണിയൻ കാർബൈഡിലെ’ 7 ജീവനക്കാർക്ക് ലഭിച്ച 2 വർഷത്തെ തടവുശിക്ഷ തീരെ കുറഞ്ഞു പോയി എന്നു തന്നെ എല്ലാവരുടെയും അഭിപ്രായം.കമ്പനി ചെയർമാനെ രക്ഷപ്പെടാൻ അനുവദിച്ചതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരിൽ ആരോപിച്ച് രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്ന നമ്മുടെ രാഷ്ട്രീയക്കാർ കോടതികളെയും വെറുതെ വിടുന്നില്ല.എന്നാൽ കോടതികളെ മാത്രമാണോ പഴിക്കേണ്ടത് ?അശ്രദ്ധ മൂലമുള്ള നരഹത്യ സംബന്‌ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ കോടതികൾക്ക് കൂടുതലായി ഒന്നും തന്നെ ചെയ്യാനില്ല,കേസ് രജിസ്റ്റർ ചെയ്ത വകുപ്പ് മാറ്റാൻ ആവശ്യപ്പെടുന്നതൊഴികെ.ഇപ്പോൾ തമ്മിൽ കുത്തുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും കൈവശം ഭരണചക്രം വന്നതാണല്ലോ,എന്തേ ആരും കമ്പനി ചെയർമാനെ തിരികെ ഇൻഡ്യയിൽ എത്തിക്കാനോ കേസ് കൂടുതൽ ശക്തമാക്കാനോ ശ്രമിച്ചില്ലാ ?രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ,അഴിമതിക്ക് കുടപിടിക്കൽ എന്നൊക്കെ പറഞ്ഞ് നമുക്കും അവരെ കുറ്റപ്പെടുത്താം.പിന്നീട് ഇവരെ തന്നെ വോട്ടു ചെയ്ത് ‘ശല്യങ്ങള്‌,പോട്ടേ’ എന്ന മട്ടിൽ തിരിച്ചു വിടുന്നതും നാം തന്നെയാണല്ലോ !!
26 വർഷം മുൻപ് നടന്ന ഒരു ദുരന്തത്തിൽ വിധി വരാൻ എന്തേ ഇത്ര കാലതാമസം ?ഈ വിധി കൊണ്ട് ദുരന്തത്തിനിരയായവർക്കും ഈ സമൂഹത്തിനും എന്ത് പ്രയോജനം ?വരാനിരിക്കുന്ന നിയമങ്ങളും നിയമഭേദഗതികളും ഭാവിയിൽ ഒരു ദുരന്തമുണ്ടായാൽ അതിനെ എങ്ങനെ ബാധിക്കും ? ഒരു പിടി ചോദ്യങ്ങൾ ഇനിയും ബാക്കി.
അതോ ഇതെല്ലാം എന്തിനും ഏതിനും സംശയം പ്രകടിപ്പിക്കുന്ന,ആവശ്യമില്ലാത്തതിലൊക്കെ കേറി ഇടപെടുന്ന,ഞാൻ വലിയ കാര്യങ്ങൾ ഒക്കെയാണേ ചിന്തിക്കുന്നത് എന്നു കാണിക്കാൻ ശ്രമിക്കുന്ന ഒരു പക്കാ മലയാളിയുടെ ലക്ഷണമോ ?
ഒരു പക്ഷെ അതായിരിക്കാം ശരി..!!
(എൻ.ബി. : ഇതെല്ലാം എഴുതുമ്പോൾ ടി.വിയിൽ ഇൻഡ്യ-പാക് ക്രിക്കറ്റ് ആസ്വദിക്കുകയും,എഴുതിയ ശേഷം വേൾഡ് കപ്പിന്റെ ആരവങ്ങളിലേക്ക് ഊളിയിടുകയും പിന്നീട് ദുരന്തങ്ങളോ ദുരന്തബാധിതരോ അലട്ടാത്ത സുഖനിദ്ര പ്രാപിക്കുകയും ചെയ്തു ഈയുള്ളവൻ !)

2 comments:

  1. ആണവബാധ്യതാബില്ലിനെക്കുറിച്ച് സിദ്ധാര്‍ത്ഥ് വരദരാജന്റെ ബ്ലോഗില്‍ വായിക്കുക : http://svaradarajan.blogspot.com/search/label/Nuclear%20Issues

    ReplyDelete
  2. നന്ദി...
    അതു വളരെ ഉപകാരപ്രദമായിരുന്നു

    ReplyDelete