Sunday, September 5, 2010

അദ്ധ്യാപക ദിന ചിന്തകൾ


ഇന്ന് സെപ്തംബർ 5.സ്വതന്ത്രഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയും(സ്ഥാനം കൊണ്ട് മൂന്നാമത്) മികച്ച ഒരു അധ്യാപകനും ആയിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ സ്മരണക്ക് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനം ആയി ആചരിക്കുന്നു.എന്തോ...ഇന്ന് എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും ഓർമ വരുന്നു.നഴ്സറിയിൽ പഠിപ്പിച്ച ഷേർളി ടീച്ചർ മുതൽ എല്ലാരേം.അധ്യാപകവൃത്തിയോട് പണ്ട് മുതലേ വളരെ ബഹുമാനമുണ്ട്.തന്റെ അറിവ് മറ്റുള്ളവർക്ക് മനസ്സിലാകും വിധം പറഞ്ഞ് കൊടുക്കാൻ കഴിവുള്ളവരോട് ഒരു ചെറിയ അസൂയയും :) (മറ്റൊന്നുമല്ല,ഈയുള്ളവൻ ആർക്കെങ്കിലും എന്തെങ്കിലും പറഞ്ഞു കൊടുത്താൽ പറയുന്നവനും കേൾക്കുന്നവനും ഒരേ പോലെ കൺഫ്യൂഷൻ ആയിരിക്കും ഫലം...അത്രേ ഉള്ളൂ).
പ്രധാനമന്ത്രി മന്മോഹൻ സിങ്ങ്,ഡോ.കലാം അങ്ങനെ നമ്മുടെ രാഷ്ട്രനായകരിൽ പലരും അധ്യാപകർ ആയിരുന്നു.അവർ എല്ലാവരും തന്നെ തങ്ങൾക്ക് ഇപ്പോഴും പ്രിയങ്കരം അധ്യാപനം തന്നെ എന്നും പറയുന്നു.കാലം എത്ര തന്നെ കഴിഞ്ഞാലും ഈ സമൂഹത്തിലെ ഏറ്റവും ബഹുമാന്യമായ തൊഴിൽ അധ്യാപനം തന്നെ എന്നു ഞാൻ കരുതുന്നു.അധ്യാപകർ ഇല്ലാതെ ഡോക്ടർമാരോ,എൻജിനീയർമാരോ,ഐ.എ.എസ്.കാരോ ആരും തന്നെ ഉണ്ടാകില്ലല്ലോ.
ഇതെല്ലാം ഞാൻ ഇന്ന് എന്തു കൊണ്ട് ചിന്തിച്ചു??ശരി,അധ്യാപകദിനം ആയതിനാൽ രാവിലെ എഴുന്നേറ്റ് ഇതൊക്കെ ചിന്തിച്ച് കളയാം എന്ന് കരുതിയതല്ല.എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ കഴിഞ്ഞ ഏതാനും നാളുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളും ആയതിൽ ഇന്നലെ വന്ന ചില വാർത്തകളും തന്നെ ഇതിനു പിന്നിൽ.
എങ്കിലും ഇത്രയും വേണ്ടിയിരുന്നോ???ഒരു നിമിഷനേരത്തെ അശ്രദ്ധയോ,അവിവേകമോ എന്തോ മൂലം അദ്ദേഹത്തിന്‌ പറ്റിയ ഒരു അബദ്ധത്തിന്‌ ആവശ്യത്തിൽ അധികം അനുഭവിച്ച് കഴിഞ്ഞില്ലേ പ്രൊഫ.ജോസഫ്.?ആദ്യം അജ്ഞാത വാസം,പിന്നീട് മകന്റെ അറസ്റ്റ്,പിന്നീട് ജയിൽ വാസം,ഒടുവിൽ കൈ വെട്ടൽ....പിന്നെ ഇപ്പോളിതാ പിരിച്ചു വിടലും.ഈ ഒരു നടപടി മൂലം യാതൊരു വിധ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ,മറ്റെവിടെയെങ്കിലും ജോലി തേടാനോ കഴിയുകയുമില്ല.
ഇതിത്ര മാത്രം കൊണ്ടെത്തിക്കേണ്ട ആവശ്യമുള്ളതായിരുന്നോ? കുഞ്ഞു മുഹമ്മദിന്റെ ഒരു പുസ്തകത്തിൽ നിന്നും എടുത്ത ഒരു സംഭാഷണ ശകലത്തിൽ ഒരു വ്യക്തിക്ക് മുഹമ്മദ് എന്ന് നാമം നല്കിയതിനെത്തുടർന്നാണു ഇതിനെല്ലാം തുടക്കമത്രെ.ഇതു പ്രവാചകനായ മുഹമ്മദ് നബിയായി വ്യാഖ്യാനിക്കപ്പെടുകയും ഏതാനും ചില തീവ്രവാദ സംഘടനകൾ ഇത് ഏറ്റെടുക്കുകയും ചെയ്തു.
ശരി,അതെന്തുമായിക്കൊള്ളട്ടെ,പ്രൊഫസർ ആയതിനുള്ള നിയമപരവും അല്ലാത്തതുമായ എല്ലാ ശിക്ഷകളും അനുഭവിച്ചു കഴിഞ്ഞു.അദ്ദേഹം പൊതുജനമധ്യത്തിൽ ആദ്യമേ തന്നെ മാപ്പു പറയുകയും ചെയ്തിരുന്നു.എങ്കിലും മുസ്ലീം സമൂഹം മാപ്പ് നല്കിയതായി പറഞ്ഞെങ്കിലൊ,കോടതി ഇടപെട്ടെങ്കിലോ മാത്രമെ പ്രൊഫസർക്ക് ഇനി ജോലിയിൽ പ്രവേശിക്കാൻ കഴിയൂ.
ലീഗ് സെക്രട്ടറി പറഞ്ഞിരിക്കുന്നു,പ്രൊഫ.ജോസഫ് കോടതിയിൽ പോകട്ടെ,എന്ന്.ഇടതു-വലതു കക്ഷികൾ തരാതരം പോലെ ഇണങ്ങിയും പിണങ്ങിയും നില്ക്കുകയും ചെയ്യുന്നു.
മുസ്ളീം പൊതുസമൂഹത്തിനു ഈ പ്രശ്നത്തിൽ തികച്ചും വ്യക്തമായ ഒരു നിലപാട് ഉണ്ടെന്ന് ഞാൻ കരുതുന്നു.ഒരു ഇന്റെർണൽ എക്സാമിന്റെ ചോദ്യപ്പേപ്പറിൽ ഉടക്കിക്കിടക്കേണ്ട യാതൊരു വിധ ആവശ്യവും അവർക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നുമില്ല.
രാഷ്ട്രീയ വൈരം തീർക്കാൻ ക്ലാസ്സിൽ കയറി കുട്ടികളുടെ മുൻപിൽ വച്ച് അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ കക്ഷികളടക്കം ഒരു പാർട്ടിയെയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അനുവദിക്കാതെ പൊതു സമൂഹം ഒരു മറുപടി നൽകേണ്ട സമയമായിരിക്കുന്നു.
ആത്യന്തികമായി ക്ഷമ,പരസ്പരസ്നേഹം ഇതൊക്കെ തന്നെയല്ലെ എല്ലാ മതങ്ങളും പറയുന്നത്? (കേട്ട് മടുത്ത പല്ലവി,പക്ഷേ ഇതിന്റെ പ്രാധാന്യം വളരെയധികം വർധിച്ചിരിക്കുന്നു ഈ കാലത്ത്..ശരിയല്ലെ ??)
ഗുരുക്കന്മാരെ ദൈവതുല്യരായി കണ്ട സംസ്കാരമാണു നമ്മുടേത്.അതിനെ മറന്ന് മറ്റ് ചില അയൽരാജ്യങ്ങളിൽ കാണുന്ന അസുഖകരവും ആപത്കരവുമായ പ്രവണതകളിലേക്ക് നാം ചെന്ന് വീഴണോ ???
പൊറുത്തു കൂടെ ???

"Manav ka danav hona uski har hai, manav ka mahamanav hona uska chamtkar hai. manusya ka manav hona uski jit hai."

"All our world organisations will prove ineffective if the truth that love is stronger than hate does not inspire them."

-Dr. Sarvepalli Radhakrishnan

"നല്ലതും ചീത്തയും സമമാവുകയില്ല.ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക.അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു" (വിശുദ്ധ ഖുർആൻ: 41:34)